കോഴിക്കോട്: ലോക്ക് ഡൗണിനിടെ ആംബുലന്‍സില്‍ യുവതിയെയും കൊണ്ട് ഒളിച്ചോടാനായി കോഴിക്കോട് എത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലന്‍സിലെത്തിയ മൂന്ന് യുവാക്കളാണ് പോലീസ് പിടിയിലായത്. ഇവരില്‍ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കൊണ്ടു പോകാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ലോക്ക് ഡൗണ്‍ ആണെങ്കിലും ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന വിശ്വാസത്തിലാണ് യുവാക്കള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ വടകരയില്‍ വച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് ആംബുലന്‍സില്‍ യാത്ര ചെയ്തതിനാണു നിലവില്‍ ഇവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തിരിക്കുന്നത്.