റാന്നി : അപ്രതീക്ഷിത മഴയില്‍ തോടുകള്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. തോടുകള്‍ പലയിടത്തും കൈയ്യേറി വീതി കുറഞ്ഞതു മൂലം വെള്ളം ഒഴുകി പോകാന്‍ സ്ഥലമില്ലാതായതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വലിയകാവ് വനത്തില്‍ നിന്നും വന്ന മലവെള്ള പാച്ചിലില്‍ തോടു കവിഞ്ഞതോടെ എസ്.എന്‍.ഡി.പി ജംങ്ഷനു സമീപം റോഡില്‍ വെള്ളം കയറി. ചെട്ടിമുക്ക് വലിയകാവ് റോഡില്‍ പുള്ളോലി ജംങ്ഷനില്‍ വെള്ളം കയറിയതോടെ ഇവിടെ വാഹന ഗതാഗതം തടസ്സപ്പെട്ടു.
മുക്കാലുമണ്‍ തോടു കരകവിഞ്ഞ് അമ്മച്ചിക്കാട് ഇട്ടിയപ്പാറ റോഡില്‍ വെള്ളം കയറി. കോളേജ് റോഡില്‍ സമീപ തോട്ടില്‍ നിന്നും വെള്ളം കയറിയെങ്കിലും ഗതാഗതത്തിന് തടസ്സമുണ്ടായില്ല. രാവിലെ ഒമ്പതു മണിയോടെ പല സ്ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ വാഹന ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. പമ്പാനദിയില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്.