ബെംഗളൂരു : കർണാടകത്തിൽ 2000 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. കാര്‍ഷിക കയറ്റുമതിക്കായി നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കാനാണ് പദ്ധതി. ഇതിനായി 2000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ലുലു ഗ്രൂപ്പ് പുതിയ കരാറിലെത്തിയത്.
ദാവോസില്‍ വെച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി എന്നിവെരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്‌ക്കൊടുവിൽ, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡിയും ലുലു ഡയറക്ടര്‍ എ.വി അനന്ത് റാമും ആണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ധാരണാപത്രം പ്രകാരം ഈ സാമ്പത്തിക വര്‍ഷം മുതല്‍ ലുലു ഗ്രൂപ്പ് നിക്ഷേപം ആരംഭിക്കും. ഇതിന്റെ ഭാഗമായി 10,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.