കോഴിക്കോട് : സാധാരണക്കാരന് ആശ്രയമാകാന്‍ 20 രൂപയുടെ പൊതിച്ചോറുമായി കോഴിക്കോട് ജില്ലയിലുള്ളത് 104 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. നാടൊന്നാകെ ഏറ്റെടുത്ത മികച്ച മാതൃകയ്ക്കുള്ള അംഗീകാരമായി ഈ സംരംഭത്തെ ആശ്രയിക്കു ന്നവരുടെ എണ്ണം ദിവസവും കൂടുന്നു. ദിവസം ശരാശരി 25,000 മുതല്‍ 27,000 വരെ പൊതിച്ചോറുകളാണ് ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി 2020 ഫെബ്രുവരിയിലാണ് ജനകീയ ഹോട്ടല്‍ പദ്ധതിക്ക് തുടക്കമായത്. ജില്ലയില്‍ 76 ഹോട്ടലുകള്‍ തുടങ്ങാനായിരുന്നു നിര്‍ദേശം. ഒരുവര്‍ഷത്തിനുള്ളില്‍ ലക്ഷ്യം വെച്ചതിലും അധികമായി 28 ഹോട്ടലുകള്‍കൂടി തുടങ്ങാനായി. കോവിഡ് വ്യാപനത്തോടെ സമൂഹ അടുക്കള എന്ന രീതിയിലാണ് പല സംരംഭങ്ങളും ഭക്ഷണ വിതരണം തുടങ്ങിയത്. എഫ്എല്‍ടിസി കോവിഡ് കെയര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്കുള്ള ഭക്ഷണ വിതരണവും ഏറ്റെടുത്തു.
ഉദയം പദ്ധതിയുടെ ഭാഗമായി തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവര്‍ക്കുള്ള ഭക്ഷണവും ഈ ജനകീയ ഹോട്ടലുകളില്‍ നിന്നാണ് നല്‍കിയത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം പ്രതിസന്ധി കാലത്ത് രോഗികള്‍ക്കും നിര്‍ധനര്‍ക്കും അന്നമൂട്ടാനും ജനകീയ ഹോട്ടലുകള്‍ മുന്നിലുണ്ടായി. 20 രൂപാ പൊതിച്ചോറില്‍ ചോറും പച്ചക്കറിയും തോരന്‍ /ചമ്മന്തി, അച്ചാര്‍ എന്നിവ നല്‍കാനാണ് നിര്‍ദേശം.
എന്നാല്‍ ജില്ലയിലെ എല്ലാ ജനകീയ ഹോട്ടലിലും മീന്‍ കറി കൂടി നല്‍കുന്നുണ്ട്. നടത്തിപ്പിനായി ഓരോ ഹോട്ടലിലും മൂന്ന് മുതല്‍ 10 വരെ വനിതകളാണുള്ളത്. ഈ സംരംഭത്തിലൂടെ ആയിരത്തിനടുത്ത് സ്ത്രീകള്‍ക്കാണ് സ്വയംതൊഴിലായത്. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹായത്തിലാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം. സിവില്‍ സപ്ലൈസ് വകുപ്പ് അരി 10.90 രൂപക്ക് റേഷന്‍ കടയില്‍നിന്ന് നല്‍കും. കുടുംബശ്രീയാണ് നടത്തിപ്പും ഏകോപനവും.