ന്യൂഡല്‍ഹി : സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പണം വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് എത്തും. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളുടേയും അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി പണം വിതരണം ചെയ്യാനൊരുങ്ങുന്നത്.
രാജ്യത്തെ 11.20 ലക്ഷം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കും.
മഹാമാരി കാലത്ത് കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ വളരെ കുറഞ്ഞ തുകയായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക എന്നും അഭിപ്രായം ഉയരുന്നുണ്ട്. നിലവിലെ നിരക്കില്‍ ഒരു കുട്ടിക്ക് വെറും 100 രൂപയായിരിക്കും ഒറ്റത്തവണയായി നേരിട്ട് കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ എന്നും സൂചനയുണ്ട്.