ചാലക്കുടി : ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽനിന്ന് ആഡംബര ബൈക്ക് വാങ്ങി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. തളിക്കുളം കച്ചേരിപ്പടി കാലാനി പ്രണവ് ദേവിനെ (പ്രണവ് പ്രദീപ് 27) ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ സന്തോഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ജൂലായ് 29-ന് വൈകീട്ട് ആനമല ജങ്ഷനിൽ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ബൈക്കാണ് പ്രണവ്ദേവ് പരിചയം നടിച്ച് ഓടിച്ചുനോക്കാൻ വാങ്ങിയത്. തുടർന്ന് അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചില്ല. മഞ്ചേരിക്ക് സമീപം കൊളത്തൂരിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
മുൻപ് കുന്നംകുളത്ത് മറ്റൊരു ആഡംബരബൈക്ക് തട്ടിയെടുത്തതും പുതുക്കാട്ട് യുവതിയുടെ മാല പൊട്ടിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. കുറച്ചുനാളുകൾക്കുമുൻപ് എരുമപ്പെട്ടി ഭാഗത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചു.