നേമം : ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ വളപ്പില്‍ ബാലരാമപുരം സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷി പ്രാഥമിക സഹകരണ മേഖലക്ക് മികച്ച മാതൃകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. സ്പിന്നിങ് മില്‍ വളപ്പിലെ സംയോജിത കൃഷി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ആശയങ്ങള്‍ മാതൃകപരമാണ്. കൂടുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ സംയോജിത കൃഷിരീതിയില്‍ കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും കാര്‍ഷിക സ്വയം പര്യാപ്തത സാധ്യമാക്കാനും കഴിയും, കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സ്പിന്നിങ് മില്‍ വളപ്പിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് ബാലരാമപുരം സര്‍വിസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ സംയോജിത കൃഷി നടപ്പിലാക്കിയത്. തക്കാളി, വെണ്ട, പച്ചമുളക്, ചീര, കോവക്ക, വള്ളിപ്പയര്‍, കറിവേപ്പില, മല്ലിയില എന്നിവയും വിവിധതരം വാഴകുലകളും ഇവിടെ കൃഷി ചെയ്യുന്നു. ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം ബഷീര്‍, സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിന്‍സാജ് കൃഷ്ണ, ജില്ല ട്രഷറര്‍ വി.എസ് ശ്യാമ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സഹകരണ സംഘം പ്രസിഡന്റ് എ. പരതാപചന്ദ്രന്‍, സെക്രട്ടറി എ.ജാഫര്‍ഖാന്‍, ബോര്‍ഡ് അംഗം എം.ബാബുജാന്‍ എന്നിവര്‍ കൃഷി രീതിയെക്കുറിച്ച് വിശദീകരിച്ചു.