ആലപ്പുഴ : അമ്പലപ്പുഴയില്‍ ജി.സുധാകരന്റെ സഹായം തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.ലിജു. പരാജയം ഉറപ്പായതുകൊണ്ടാണ് സിപിഎം പ്രാദേശിക നേതാക്കള്‍ സുധാകരനെ കുറ്റപ്പെടുത്തുന്നത്. തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് ലഭിക്കാതിരുന്നത് ജില്ലയില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തിലുയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ എം. ലിജു വിവാദവിഷയത്തില്‍ ജി.സുധാകരനെ പിന്തുണച്ചതിന്റെ കാരണങ്ങള്‍കൂടി വ്യക്തമാക്കി. വിവാദം സിപിഎം വിഭാഗീയതയുടെ ഫലമാണെന്ന് ലിജു പറഞ്ഞു. പരിചയസമ്പന്നരും ഏറെ വ്യക്തിബന്ധമുള്ളവരമായ രണ്ടു മന്ത്രിമാര്‍ക്ക് സിപിഎം സീറ്റ് നല്‍കാതിരുന്നത് യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ടെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം മന്ത്രി ജി.സുധാകരന്‍ എം.ലിജുവിനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ലോക്കല്‍കമ്മിറ്റി യോഗത്തില്‍ ഇത്തരത്തിലൊരു വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും സിപിഎം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയില്‍ നേതൃത്വം നല്‍കിയത് മന്ത്രിയാണെന്നും ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.