കൊച്ചി : എംപാനല്‍ ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം നിഷേധിച്ച് കെ എസ് ആര്‍ ടി സി. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പോലും ലോക് ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഈ അവഗണന. നാലായിരം രൂപയാണ് ഭൂരിഭാഗം പേര്‍ക്കും ശമ്പളമായി കിട്ടിയത്.
എംപാനല്‍ ഡ്രൈവര്‍ക്ക് 500 രൂപയും കണ്ടക്ടര്‍ക്ക് 480 രൂപയുമാണ് ഒരു ഡ്യൂട്ടിക്ക് കിട്ടുന്ന വേതനം. കോവിഡ് ഭീതി കാരണം യാത്രക്കാര്‍ കുറഞ്ഞതോടെ പത്താം തീയതി മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഇതോടെ എംപാനലുകാര്‍ക്ക് ജോലി ഇല്ലാതായി. ലോക് ഡൗണ്‍ കാരണം 24 ന് കെഎസ്ആര്‍ടിസി അടച്ചതോടെ ജീവനക്കാരും വീടുകളില്‍ ഒതുങ്ങി. മറ്റുള്ളവരെപ്പോലെ ലോക് ഡൗണ്‍ ദിനങ്ങള്‍ ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കുമെന്നായിരുന്നു ഇവരുടേയും പ്രതീക്ഷ. എന്നാല്‍ പത്താം തീയതിക്ക് മുമ്പ് കിട്ടിയ നാലോ അഞ്ചോ ഡ്യൂട്ടിയുടെ വേതനം മാത്രമാണ് ഇവര്‍ക്ക് കൊടുത്തത്. ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഫണ്ടില്ലെന്നാണ് കെഎസ്ആര്‍ടിസി വിശദീകരണം.
ഈ രീതിയില്‍ നല്‍കാന്‍ മാത്രം 73 കോടി രൂപ വേണം. എഴുപത് കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല അധിക ശമ്പളം നല്‍കാന്‍ ആരും നിര്‍ദേശം നല്‍കിയിട്ടുമില്ലന്നാണ് ധനകാര്യ വിഭാഗം പറയുന്നത്. സ്ഥിരം ജീവനക്കാരുടെ ശമ്പളം പതിനഞ്ചാം തീയതി വരെയുള്ള ഹാജര്‍ കണക്കാക്കി നിശ്ചയിക്കുന്നതിനാല്‍ ലോക്ഡൗണ്‍ അവരെ ബാധിച്ചിട്ടില്ല.