പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 170 – മത്തെ സ്നേഹവീടിന്റെ താക്കോൽദാനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. അമേരിക്കൻ മലയാളിയായ ജോബ് മാക്കിലിന്റെയും ഷീജ മാക്കിലിന്റെയും സഹായത്താൽ ആനന്ദപ്പള്ളി പോത്രാടു ശിവശൈലത്തിൽ അനിതകുമാരിക്കും മധുസൂധനൻ പിള്ളക്കും രണ്ടു പെൺ കുഞ്ഞുങ്ങൾക്കുമായി നിര്‍മ്മിച്ചു നല്‍കിയതാണ് വീട്.
വർഷങ്ങളായി വീടില്ലാതെ മറ്റുള്ളവരുടെ കാരുണ്യത്താൽ കഴിഞ്ഞുവരികയായിരുന്നു ഈ കുടുംബം. അനിതയുടെ ചികിത്സക്കും കുഞ്ഞുങ്ങളുടെ പഠനത്തിനും നിത്യചെലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരിട്ട് കണ്ടു മനസ്സിലാക്കിയാണ് സുനില്‍ ടീച്ചർ ഇവർക്ക് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം. എൽ. എ., എ. പി. ജയൻ., വാർഡ് മെമ്പർ പൊത്തറാട് മധു, കെ. പി. ജയലാൽ, എം. അയൂബ്, ശ്രീജ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഫല വൃക്ഷതൈകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.