കൊച്ചി : ഇഡി കേസില്‍ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും. വാട്സപ്പ് സന്ദേശങ്ങളും വസ്തുതകളും തെറ്റായി അവതരിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ശ്രമിക്കുന്നതെന്നാണ് ശിവശങ്കറിന്റെ പ്രധാന വാദം.
സ്വപ്നയ്ക്ക് വേണ്ടി ശിവശങ്കര്‍ കസ്റ്റ്ംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന് തെളിവില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ശിവശങ്കറിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിന്റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ന് എന്‍ഫോഴ്സ്മെന്റിന്റെ വാദമാണ് കോടതി കേള്‍ക്കുക. ഇഡിക്കായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയില്‍ ഹാജരാകും.
അതേസമയം ഇ ഡി കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സരിത്ത് എന്നിവരെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കുക.