തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നു. കാലാവധി ഈ മാസം 16ന് അവസാനിക്കാനിരിക്കെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായും ഇതുസംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിന് കൈമാറിയതായും വിവരമുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിന്റെ നിയമനവുമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെയും കസ്റ്റംസിന്റെയും കേസുകളില്‍ ശിവശങ്കര്‍ പ്രതിയാണ്.
അഴിമതിയുമായി ബന്ധപ്പെട്ട കേസിലല്ലെങ്കില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം ജൂലായ് 16നാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്.