തിരുവനന്തപുരം : കേരള വികസിക്കാന്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് എന്ന് സ്വരാജ് എംഎല്‍എ. സംഘപരിവാറിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് സംസ്ഥാന സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നു.
രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണട പ്രതിപക്ഷം മാറ്റണം. നിയമാനുസൃതമായി മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള അധികാരം കിഫ്ബിക്കുണ്ട്. ഇത് സിഎജിക്ക് മനസ്സിലായിട്ടില്ലെങ്കില്‍ ഈ നാട് പഠിപ്പിക്കുമെന്നും സ്വരാജ് പറഞ്ഞു. സിഎജി റിപ്പോർട്ട് വെള്ളം ചേർക്കാതെ വിഴുങ്ങാനാകില്ല. സിഎജി എഴുതിയ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് അവകാശമുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് കോടതികളാണ് സിഎജിയല്ല എന്നും സ്വരാജ് പറഞ്ഞു.
കിഫ്ബിയെ വിമർശിച്ചവരാണ് യുഡിഎഫ് അംഗങ്ങള്‍. അവരുടെ മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ തല ഉയർത്തി നില്‍ക്കുന്നു. ഈ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലാണ്. സംഘപരിവാറിനും സംസ്ഥാനത്തെ പ്രതിപക്ഷത്തിനും അത് സഹിക്കുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്.
കോണ്‍ഗ്രസുകാരെ ഏജന്‍സികള്‍ വേട്ടയാടിയില്ലേ. കേരളത്തെ ആധുനിക യുഗത്തിലേക്ക് കൈ പിടിച്ചുകൊണ്ടുവന്ന ഈ സർക്കാറിനെ താഴെയിറക്കാന്‍ സംഘ്പരിവാറിനൊപ്പം നിന്നവരാണ് പ്രതിപക്ഷം. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും സ്വരാജ് കുറ്റപ്പെടുത്തി.