മലപ്പുറം: നിലമ്പൂരിൽ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗ്ഗീയ പ്രചാരണം നടത്തി. നിലമ്പൂരിൽ ലീഗിന്റെ നിലപാടിനൊപ്പം യുഡിഎഫ് സംവിധാനം ആകെ നിന്നു. എന്നിട്ടും വോട്ട് കുറഞ്ഞു. എസ്ഡിപിഐ വോട്ടും യുഡിഎഫ് പെട്ടിയിലെത്തിച്ചു. ബിജെപിയും യുഡിഎഫിന് വോട്ട് മറിച്ചു. അത് അവർ പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാത്തത് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ്. ഭരണ വിരുദ്ധ വികാരം എന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. ഭരണ വിരുദ്ധ വികാരത്തിന്റെ ഫലമായി ഒരു വോട്ടുപോലും യുഡിഎഫിന് കിട്ടിയിട്ടില്ല.ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ പോറലില്ലാതെ ശക്തിപ്പെട്ട് നിൽക്കുകയാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
നിലമ്പൂരിൽ സിപിഎമ്മിന് 40000ത്തിന് അടുത്ത് രാഷ്ട്രീയ വോട്ടുണ്ട്. അത് 66,000 ത്തിലേക്ക് എത്തിച്ചത് നേട്ടമാണ്. വലിയ വികസനമാണ് നിലമ്പൂരിൽ ഇടത് സർക്കാരിന്റെ കാലത്ത് നടന്നത്. പക്ഷേ ആ നേട്ടവും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും തന്റേതെന്ന് വരുത്താൻ പിവി അൻവറിന് കഴിഞ്ഞു. സർക്കാരിനെതിരായ പിവി അൻവറിന്റെ പ്രചാരണം സ്ഥായിയായി നിലനിൽക്കുന്നതല്ല. സാമൂഹ്യമണ്ഡലത്തിൽ നിലമ്പൂർ ഫലം വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുന്നു. ഇത് യുഡിഎഫ് സംവിധാനം തിരിച്ചറിയുന്നില്ല. കേരളത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് മതരാഷ്ട്രവാദികളുമായുണ്ടാകുന്ന സഖ്യം. ജമാഅത്തെയുമായുള്ള കൂട്ടുകെട്ടിനെ മത വിശ്വാസികൾ തന്നെ ചെറുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.