തിരുവനന്തപുരം : കേരളത്തിൽ രാഷ്‌ട്രീയമായി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. സോളാർ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത് മാത്രം ആണ് കേരളത്തിലെ ഏറ്റവും വലിയ വിഷയം എന്ന് പറയുന്നത് അവരുടെ രാഷ്‌ട്രീയ പാപ്പരത്തമാണ് വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹതാപ തരംഗം കിട്ടുമെന്നാണ് അവർ പറയുന്നത്. ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്നു, അതിലെ പരാതിക്കാരി കേസ് സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു. സ്വാഭാവികമായും അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. അതുമാത്രം ചർച്ചയാക്കുന്നത് യുഡിഎഫിന്റെ രാഷ്‌ട്രീയമായ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് അതൊക്കെ വിശകലനം ചെയ്യാനും തീരുമാനമെടുക്കാനും കഴിവുള്ളവരാണ് വിജയരാഘവൻ പറഞ്ഞു.