മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും എന്നും സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കി. പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറഞ്ഞാലും അത് ഏറ്റു എടുക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു, വലതു പാര്‍ട്ടികള്‍ അബ്ദുള്‍ നാസര്‍ മദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും സലാഹുദ്ദീന്‍ അയ്യൂബി തിരൂരില്‍ പറഞ്ഞു.അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനത്തിനുവേണ്ടി ആരും ശ്രമിക്കാതിരിക്കുന്നത് വളരെ വേദനാജനകമായ കാര്യമാണ് എന്നും സലാഹുദ്ദീന്‍ അയ്യൂബി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും അതില്‍ തനിക്ക് സ്വന്തമായി ഒരു തീരുമാനം പറയാനാകില്ലെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു. കൂടാതെ, ബിജെപി അല്ലാതെ ഏത് മുന്നണിയുമായി സഖ്യത്തിന് അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി തയ്യാറാണ് എന്നും വരുംദിവസങ്ങളില്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള രണ്ടാമത് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കണം എന്ന കാര്യം പ്രാദേശിക നേതൃത്വങ്ങള്‍ പറയുന്നതനുസരിച്ച് ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്ന് അയ്യൂബി വ്യക്തമാക്കി.