കോന്നി : ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കി മാറ്റാനാണ് ബി ജെ പി യും ആർ എസ് എസ്സും ശ്രമം നടത്തുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥി അഡ്വ കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പൂങ്കാവിൽ നടന്ന പൊതുയോഗം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമല്ല കാർഷീക മേഖലയെ തകർക്കുന്ന നയങ്ങൾ കൊണ്ടുവരുകയുമാണ് ബി ജെ പി. കർഷകരുടെ ജീവിതം തകർക്കുന്ന നയങ്ങൾ സ്വീകരിക്കുന്നതിൽ ബി ജെ പി യും കോൺഗ്രസ്സും വത്യസ്ഥമല്ല. കോൺഗ്രസ്സിന് വർഗീയതയ്ക്ക് എതിരാണെന്ന് പറയുവാൻ സാധിക്കില്ല. വർഗീയത സമൂഹത്തെ ബാധിക്കുന്ന വൈറസാണ്. കൊറോണ വൈറസിനേക്കാൾ മാരകമാണ് വർഗീയത. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവർ മറ്റ് മതങ്ങളോട് എതിർപ്പുള്ളവരല്ല. ആർ എസ് എസ് മുന്നോട്ട് വെയ്ക്കുന്ന ഹിന്ദു രാഷ്ട്ര വാദത്തിൽ മനുസ്‌മൃതിയാണ് ഫലത്തിൽ വരുന്നത്.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ആർ എസ് എസിന്റെ ശത്രുക്കൾ. ബി ജെപി ഈ കാഴ്ചപ്പാടുമായാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ എന്ന രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ എന്നാൽ ആർ എസ് എസിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന ഭരണം മൂലം അപമാനഭാരത്താല്‍ തലതാഴ്ത്തുകയാണ് നാം . ഇവരുടെ ഭരണത്തോട് വിയോജിക്കുന്നവരെ ഉന്മൂലനം ചെയ്യുകയാണ് ബി ജെ പി. ന്യൂനപക്ഷങ്ങൾക്ക് എതിരായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് ബി ജെ പി. സംഘപരിവാറും ആർ എസ് എസ്സും ഇന്ത്യയുടെ ഹൃദയത്തിലേക്കാണ് അസ്ത്രങ്ങൾ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ പി ആർ ഗോപിനാഥൻ, എൽ ഡി എഫ് കൺവീനർ പി ജെ അജയകുമാർ, സി പി എം സംസ്ഥാന കമ്മറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ശ്യാം ലാൽ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നവനീത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമൃത സജയൻ, രാജു നെടുവുമ്പുറം, കെ ആർ ജയൻ, അനീഷ് പ്രമാടം, കവി കടമ്മനിട്ട രാമകൃഷ്ണന്റെ പത്നി ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.