കൊച്ചി; ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. പ്ലാന്റിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാനാണ് തുക. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തിരമായി തുക കൈമാറുന്നതെന്ന് അദ്ദേഹം അറിയിച്ചു. തുക ഉടന്‍ കോര്‍പ്പറേഷന് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ കൈമാറും. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ, എം എ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം ബ്രഹ്മപുരം ദുരന്തത്തില്‍ മൗനം വെടിഞ്ഞ മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ കരാര്‍ കമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് അല്‍ഭുതകരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി. സോണ്ട കമ്പനിക്കാര്‍ക്ക് നാട്ടിലെ മുഴുവന്‍ മാലിന്യ സംസ്‌ക്കരണത്തിന്റെയും കരാര്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി തന്നെയാണ്. ഏത് ഏജന്‍സി അന്വേഷിച്ചാലും കമ്പനിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് ആകും വരാന്‍ പോകുന്നത്. സ്വര്‍ണം മുതല്‍ മാലിന്യം വരെ സ്വന്തം കീശ നിറയ്ക്കാന്‍ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു.