റാന്നി : അങ്ങാടി പൂവന്മലയിൽ കഴിഞ്ഞ ദിവസം അതിവർഷത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാടശേഖരങ്ങളിലെ മടവീഴ്ചയില്‍ തകർത്തെറിഞ്ഞത് പ്രദേശത്തെ പരമ്പരാഗത കർഷകരുടെ സ്വപ്നങ്ങളായിരുന്നു. പൂവന്മലയിലും തേക്കാട്ടിൽപ്പടിയിലുമായി പരന്നു കിടക്കുന്ന ഇരുപത് ഏക്കർ വരുന്ന പാടശേഖരങ്ങളിലെ കൃഷിയാണ് മലവെള്ളപ്പാച്ചിലിൽ തൂത്തെറിയപ്പെട്ടത്. 4000 മൂട് കപ്പ, വാഴ, ചേന, വെറ്റക്കൊടി എന്നിവ വെള്ളം കയറി നശിച്ചു. നാലിടത്താണ് അന്നേ ദിവസം മടവീണത്. എല്ലായിടത്തും മണ്ണും എക്കലും അടിഞ്ഞുകൂടി.
മട വീഴ്ച ഉണ്ടായ സ്ഥലത്തെ വിളവെടുക്കാറായ കപ്പ മൂടോടെ പിഴുതെറിയപ്പെട്ടു. കൂട്ടുകൃഷി രീതിയിൽ കൃഷിഭവൻ്റെ സഹായത്തോടെയാണ് കഷിഇറക്കിയതാണ് കര്‍ഷകനായ ബിജു ജോൺ. പരമ്പരാഗത കൃഷിരീതിയില്‍ പാവൽ, വെണ്ട, പയർ, നെല്ല് എന്നിവ കൃഷി നടത്തിയിരുന്ന ഇവരിൽ പലരും കാലം തെറ്റി പെയ്യുന്ന മഴ എത്തിയതോടെ ചില കൃഷികള്‍ ഉപേക്ഷിച്ചു. പകരം കപ്പ, വാഴ, ചേന എന്നിവയിലേക്കു മാത്രമായി തിരിഞ്ഞു. എന്നാൽ ആ പ്രതിക്ഷയും മഴ അസ്ഥാനത്താക്കി.
കൃഷിയിടത്തിലേക്കുള്ള മടവീഴ്ച ഒഴിവാക്കാൻ സർക്കാർ സഹായം കൂടിയെ തീരുവെന്നു കര്‍ഷകര്‍ പറയുന്നു. കൃഷിയിടം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വലിയ മനുഷ്യപ്രയത്നം വേണ്ടിവരും. ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടതായും വരും. സർക്കാരിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് കര്‍ഷകനായ സജിചെറിയാനും പറയുന്നു.