റാന്നി : 29 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലുമാണ് കൺവെൻഷൻ. ഏഴിന് വിഗ്രഹം, പതാക, കൊടിക്കയർ, കൊടിമരം ഘോഷയാത്രകളും ദീപ ശിഖ പ്രയാണവും വിവിധ ശാഖകളിൽ നിന്ന് നടക്കും. വിഗ്രഹ ഘോഷയാത്ര 1245 -ാം നമ്പർ കോട്ടമൺ പാറ ശാഖയിൽ നിന്നും ദീപ പ്രയാണം 2072 -ാം നമ്പർ പേഴുംപാറ ശാഖയിൽ നിന്നും പതാക ഘോഷയാത്ര 1182 -ാം നമ്പർ ചിറ്റാർ ശാഖയിൽ നിന്നും കൊടിക്കയർ ഘോഷയാത്ര 3434 -ാം നമ്പർ നാറാണംമൂഴി ശാഖയിൽ നിന്നും കൊടിമര ഘോഷയാത്ര 2252 -ാം നമ്പർ കുടമുരുട്ടി ശാഖയിൽ നിന്നും പുറപ്പെട്ട് വിവിധ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി മാടമൺ പമ്പാ മണപ്പുറത്ത് എത്തിച്ചേരും.
ഉച്ചയ്ക്ക് 2.30ന് വിഗ്രഹ പ്രതിഷ്ഠ. 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജ യൻ അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ സന്ദേശം നൽകും. 7ന് ഗാനോത്സവം. 8ന് സജീഷ് മണ ലേൽ, ഓമന സന്തോഷ് എന്നിവരും 9ന് ഡോ.എസ്.കെ.രാധാകൃഷ്ണൻ, സൗമ്യ അനിരുദ്ധൻ എന്നിവരും ക്ലാസെടുക്കും. 10ന് 9.30ന് വനിതാ സമ്മേളനം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തും.
10.30ന് ശ്രീഹരിയുടെ പഠന ക്ലാസ്. 1.15ന് കൈകൊട്ടിക്കളി, 1.30ന് നൃത്തം . 2ന് ശുഭകുമാറിന്റെ പഠന ക്ലാസ് എന്നിവയുണ്ടാകും. 11ന് 10.30ന് മഹാമൃത്യുഞ്ജയഹോമം. 10.30ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ ക്ലാസെടുക്കും. 3ന് സമാപന സമ്മേളനം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.യോഗം കൗൺസിലർ എബിൻ അമ്പാടി സന്ദേശം നൽകും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ ആദരിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും നടത്തും, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ചികിത്സാ സഹായ വിതരണം ചെയ്യും.