ചെന്നൈ: സ്കൂൾ ഫണ്ടിൽ കേന്ദ്രത്തിന് നിർദേശവുമായി മദ്രാസ് ഹൈക്കോടതി. ആർ ടി ഇ നിയമത്തിന്റെ പരിധിയിലെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അനുവദിക്കണം. വിദ്യാഭ്യാസ അവകാശ നിയമത്തിന് സ്വതന്ത്രമായി നിലനിൽപ്പുണ്ട്. സമഗ്ര ശിക്ഷാ പദ്ധതി ചട്ടങ്ങളുമായി ഇത് ബന്ധിപ്പിക്കരുത് എന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ തത്കാലം ഉത്തരവ് ഇറക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 6-14 വയസ്സ് വരെ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാറ്റിവെയ്ക്കണം എന്നാണ് ചട്ടം.
ഇവർക്കുള്ള ഫീസിൽ 60 ശതമാനം കേന്ദ്രം ആണ് നൽകേണ്ടത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) അംഗീകരിക്കാത്തതിനാൽ കേന്ദ്രം തമിഴ്നാടിന് 2021 മുതലുള്ള ഫണ്ട് നൽകിയിട്ടില്ല. ഇതോടെ ഈ വർഷം ഈ സീറ്റുകളിലേക്ക് പ്രവേശനത്തിന് തമിഴ്നാട് തയാറായിട്ടില്ല. സംസ്ഥാനത്ത് പ്രവേശനം കാത്തിരിക്കുന്നത് 85,000 വിദ്യാർത്ഥികൾ ആണ്. സ്കൂൾ പ്രവേശനം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് ഒരു രക്ഷിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.