പത്തനംതിട്ട : എഴുത്തുകാരൻ്റെ ദർശനവും കാഴ്ചപ്പാടും സമൂഹത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് തെളിയിച്ച മഹാകവിയായിരുന്നു മഹാകവി പുത്തൻകാവ് മാത്തൻ തരകനെന്നു മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മനുഷ്യജീവിതത്തെയും കർമ്മത്തെയും പ്രകാശമാനമാക്കിയ ഉത്തുംഗ കാവ്യജീവിതമാണ് അദ്ദേഹത്തിൻ്റേത്. മനുഷ്യജീവിതത്തെ പ്രകാശിപ്പിക്കുന്ന, മനുഷ്യജീവിതത്തെ തൊട്ടറിഞ്ഞ, മനുഷ്യസ്നേഹത്തെ ഊട്ടിയുറപ്പിക്കുന്ന കവിതകളാണ് പി.കെ. ഗോപിയുടേത് എന്നും അദ്ദേഹം പറഞ്ഞു.
പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റിന്റെയും എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെയും നേതൃത്വത്തിൽ കാതോലിക്കേറ്റ് കോളജ് മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും കവിയും ചലച്ചിത്രഗാന രചയിതാവുമായ പി.കെ. ഗോപിക്ക് ‘വിശ്വദീപം’ പുരസ്കാരസമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാമായണത്തിൽ രാമൻ്റെ ജീവിതം അവതരിപ്പിച്ചതു പോലെ ക്രിസ്തുവിൻ്റെ ജീവിതം അവതരിപ്പിക്കുകയായിരുന്നു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ തൻ്റെ മഹാകാവ്യമായ വിശ്വ ദീപത്തിലൂടെ ചെയ്തത്. ഞാൻ ലോകത്തിൻ്റെ വെളിച്ചമാണെന്ന ക്രിസ്തു വചനത്തിൻ്റെ വികസിതരൂപമാണ് വിശ്വദീപം മഹാകാവ്യം. വെളിച്ചത്തിൻ്റെ സുവിശേഷമാണ് ഈ മഹാകാവ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എഴുത്തുകാരും യേശുക്രിസ്തുവിൻ്റെ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ തുനിഞ്ഞാൽ എഴുത്തിന് ഒരു ലക്ഷ്യമുണ്ടാവും. അത് മറ്റൊന്നുമല്ല സമൂഹത്തിൻ്റെ നന്മയുടെ ലക്ഷ്യമായി മാറും. സമൂഹനന്മയുടെ ലക്ഷ്യം ഓരോ എഴുത്തുകാരൻ്റെയും ലക്ഷ്യമായിത്തീരുമ്പോൾ സാഹിത്യത്തിന്ന് ലോകത്തിലുള്ള വലിയ സ്ഥാനം അർത്ഥവത്തായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കൈയ്യിൽ നിന്ന് പണം കൊടുത്ത് പരസ്യപ്പെടുത്തി പുരസ്കാരങ്ങൾ വാങ്ങുന്ന ഈ കാലഘട്ടത്തിലാണ് കവിതയിലും ജീവിതത്തിലും മനുഷ്യസ്നേഹത്തിൻ്റെ കരുണവറ്റാത്ത തടാകമായ പി.കെ. ഗോപിയ്ക്ക് വിശ്വദീപം പുരസ്കാരം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് ചെയർമാൻ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു. പി. കെ. ഗോപി, കാതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ഡോ റോയ്സ് മല്ലശ്ശേരി, റവ. ഡോ. മാത്യു ഡാനിയേൽ, കവി കെ. രാജഗോപാൽ, പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്ക്കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ട്രസ്റ്റ് സെക്രട്ടറി ഡോ. തോമസ് കുരുവിള, മലയാളവിഭാഗം മേധാവി ഡോ. പി. ജെ. ബിൻസി, കോളജ് ബർസാർ ഡോ. ബിനോയി ടി. തോമസ്, ഡോ. അനു പടിയറ, ഡോ. എം. എസ്. പോൾ, ഫാ. ബിജു പി. തോമസ്, ഡോ. മേരി മാമ്മൻ, വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു. ഫാ. മാത്യു കോശിയുടെ കവിതാ സമാഹാരം ‘ആത്മതപനം’ കവി പി. കെ. ഗോപി യോഗത്തിൽവച്ച് പ്രകാശനം ചെയ്തു. ബിനു കെ. സാം പുസ്തകം പരിചയപ്പെടുത്തി.