ഭുവനേശ്വര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തില്‍ മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്‌കൃത പണ്ഡിതനായ സര്‍വകലാശാല അധ്യാപകന്‍ സോമനാഥ് ദാഷാണ് ‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം രചിച്ചത്. മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം. 700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. തിരുപ്പതി ദേശീയ സംസ്‌കൃത സര്‍വകലാശാല അധ്യാപകന്‍ രചിച്ച മഹാകാവ്യം ഗുജറാത്തിലെ വരാവലില്‍ നടന്ന യുവജനോത്സവത്തിലാണ് അനാച്ഛാദനം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
‘ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മോദി ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹം ലോകത്തിലെ എല്ലാ യുവാക്കള്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സന്യാസ രാഷ്ട്രീയയാത്രയും ജീവിത പോരാട്ടവും ചരിത്രത്തില്‍ എപ്പോഴും രേഖപ്പെടുത്തപ്പെടും. അതിനാലാണ് ആ മഹത് വ്യക്തിത്വത്തെക്കുറിച്ച് മഹാകാവ്യം എഴുതാന്‍ പ്രേരണയായത്’- 48കാരനായ സോമനാഥ് പറഞ്ഞു. നാലുവര്‍ഷമെടുത്താണ് പുസ്തകരചന പൂര്‍ത്തിയാക്കിയത്. മോദിയെ ഇതുവരെ നേരില്‍ കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങള്‍, ജേണലുകള്‍, പ്രസംഗങ്ങള്‍, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാന്‍ കി ബാത്ത്’ എന്നിവയില്‍ നിന്നെല്ലാം ലഭിച്ച വിവരങ്ങളും പുസ്തകരചനയ്ക്ക് സഹായകമായെന്ന് സോമനാഥ് പറഞ്ഞു.