മുംബൈ : കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ ജൂണ്‍ ഒന്നുവരെ നീട്ടി. അതേസമയം സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ കോവിഡ് 19 നിരക്ക് രാജ്യത്തിന്റെ കോവിഡ് നിരക്കിന്റെ പകുതിയാണ്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ജില്ലകളുള്ളതിനാല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 816 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 5,226,710 ആയി. മരണസംഖ്യ 78,007 ആയി ഉയരുകയും ചെയ്തു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3710525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 30,94,48,585 ആയി ഉയര്‍ന്നു.
രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 17,72,14,256 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്‌നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.