മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 198 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 8367 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുക്കുന്നു. വെള്ളിയാഴ്ച മാത്രം 6324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,92,990 ആയി.
79,911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04687 പേര്‍ ഇതുവരെ രോഗമുക്തി നേടി. 54.24 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 4.34 ശതമാനമാണ് മരണനിരക്ക്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. വെള്ളിയാഴ്ച മാത്രം 1375 പോസിറ്റീവ് കേസുകളും 73 മരണവുമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,074 ആയി. 4762 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 52,392 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച 8 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2309 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുംബൈയ്ക്കു പിന്നാലെ താനെ, കല്യാണ്‍, നവി മുംബൈ, പന്‍വേല്‍, ഡോംബിവ്‍ലി, വസായ്, മീരാറോഡ് തുടങ്ങിയ മേഖലകളിലും രോഗം അതിവേഗം വ്യാപിക്കുന്നു. മലയാളികള്‍ കൂടുതലായി താമസിക്കുന്നതും ഈ പ്രദേശങ്ങളിലാണ്. 10 ലക്ഷത്തിലേറെപ്പേരെ പരിശോധനയ്ക്കു വിധേയരാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.