മാഹി : തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായ മാഹി മേല്‍പ്പാലം നിര്‍മാണത്തില്‍ വന്‍ അപാകതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലത്തിന്റെ നിര്‍മാണത്തില്‍ പ്രഥമദൃഷ്ട്യാ അപാകതകള്‍ ദൃശ്യമാണ്. കമ്പികള്‍ക്ക് പകരം ഈര്‍ക്കില്‍ ഉപയോഗിച്ച് നിര്‍മിച്ചപോലെയാണ്. കോണ്‍ക്രീറ്റ് ഇളകിവീണിരിക്കുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ചു പരിശോധിച്ചപ്പോള്‍ നിര്‍മ്മാണത്തിലെ സുരക്ഷാ അപാകത വ്യക്തമായി കണ്ടു. എന്‍.എച്ച്.എ.ഐ.യുടേയും കരാറുകാരന്റേയും മാത്രമല്ല, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ കൂടി വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും തകര്‍ന്ന പാലം സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കറിച്ചു.
പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രധാനമായി എടുത്തു പറഞ്ഞ തലശ്ശേരി – മാഹി ബൈപാസ്സിലെ പാലമാണ് നിലംപൊത്തിയിരിക്കുന്നത്. എന്‍.എച്ച്.എ.ഐ. നടത്തുന്ന നിര്‍മ്മാണത്തെ കറവപശുവായി കണക്കാക്കുന്ന ബിജെപിയുടെ അഴിമതി നയമാണ് ഈ അവസ്ഥയുടെ മുഖ്യകാരണം. നിയമസഭയിലെ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ ബൈപാസ് നിര്‍മ്മാണം പൂര്‍ണമായും തന്റെ ഭരണ നേട്ടമായിട്ടാണ് മുഖ്യമന്ത്രി കൊട്ടിഘോഷിച്ചത്. പാലം തകര്‍ന്നപ്പോള്‍ പദ്ധതിയുടെ അവകാശവാദത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിയുന്ന കാഴ്ചയാണ് കാണുന്നത്. പാലം തകര്‍ന്നതിലെ തങ്ങളുടെ ജാഗ്രതകുറവിനെ പറ്റി മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ അഴിമതി കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ കേന്ദ്ര വിജിലന്‍സിന്റെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടും. തൊഴിലാളികളും മീന്‍പിടുത്തക്കാരും ഉണ്ടാകാറുള്ള പ്രദേശത്ത് ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഏറ്റെടുത്ത പദ്ധതിയാണിത്. പണം മുടക്കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും ഇതിന്റെ സൂപ്പര്‍വൈസറി ചുമതല സംസ്ഥാന സര്‍ക്കാറിനാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഈ അപകടത്തിനു മറുപടി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.