തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയ്ക്കുള്ളില്‍ വിഭാഗീയത ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടത് ശാന്തകുമാരി, സി.അജിത, ഡോളി കെ ജോര്‍ജ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പിന്മാറിയത്. പാര്‍ട്ടി വിട്ട ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പേരും എന്‍സിപിയില്‍ ചേരുമെന്നാണ് സൂചനകള്‍.
സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ലതിക കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഈ അഭ്യൂഹങ്ങള്‍ ശരിവെയ്ക്കുന്നതാണ് ജനറല്‍ സെക്രട്ടറിമാരുടെ രാജി.