മലമ്പുഴ: അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മന്തക്കാട് ശാസ്താ കോളനി അൻസാർ മൻസിൽ ഹംസ മകൻ നാസർ (45) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം. ഉച്ചമുതൽ ഇവിടെ കുളിക്കുകയായിരുന്ന സംഘത്തോടൊപ്പം മരണത്തിന് ഒരു മണിക്കൂർ മുമ്പെ എത്തിയതായിരുന്നു നാസര്‍. മാന്തുരുത്തി നവോദയ കാടുവഴി അണക്കെട്ടിലേക്ക് പ്രവേശിച്ചതായിരുന്നു സംഘം. കുളി കഴിഞ്ഞ് കരയ്ക്കു കയറിയ നാസർ വീണ്ടും വെള്ളത്തിൽ ഇറങ്ങുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് നിന്ന് അഗ്നിശമന സേനാംഗങ്ങളുമെത്തി. മത്സ്യ ബന്ധന തൊഴിലാളികളുടെ സഹാായത്തോടെ വൈകുന്നേരം ആറു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റയിൽവെയിലെ ഐ.എൻ.റ്റി .യു.സി ചുമട്ടുതൊഴിലാളിയാണ് നാസർ. ഭാര്യ: റംലത്ത്. മക്കൾ: അൻസാർ (ഗൾഫ്), അൻഷാദ് (ഗൾഫ്), അജ്മൽ.