അമ്പലപ്പുഴ: ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. തമിഴ്‌നാട് അരിയാളൂര്‍ ജില്ലയില്‍ മണപ്പത്തൂര്‍ അണ്ണാനഗര്‍ 36-ല്‍ ഗുണ(44)യുടെ മരണം കൊലപാതകമെന്നാണ് അമ്പലപ്പുഴ പോലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്‌ച രാവിലെയാണ് ഗുണയുടെ മൃതദേഹം ദേശീയപാതയോരത്തെ കരൂര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണയുടെ ഭാര്യ വിജയറാണി(20), ഇവരുടെ പിതാവ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി മണവത്തൂര്‍ വഗാരാ ഗ്രാമത്തില്‍ പെരുമാളിന്റെ മകന്‍ രാമസ്വാമി(45), ഭാര്യ വളര്‍മതി(35) എന്നിവരെ പോലീസ് അറസ്‌റ്റു ചെയ്‌തു. കരൂരിനു സമീപത്തെ ആക്രിക്കടയില്‍ ജോലിനോക്കിയിരുന്ന ഗുണ സ്‌ഥിരം മദ്യപാനിയാണെന്നു പോലീസ് പറഞ്ഞു.
മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് രണ്ടാഴ്‌ച മുമ്പ് ഇയാളെ ആക്രിക്കടയില്‍നിന്ന് പുറത്താക്കിയിരുന്നു. തിങ്കളാഴ്‌ച രാത്രിയിലും ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും വിജയറാണിയെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. ഇയാളില്‍നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാമസ്വാമി ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഗുണയുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കി. മല്‍പ്പിടുത്തത്തിനിടെ ഗുണ മരിച്ചെന്നു ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി അമ്പലപ്പുഴ സി.ഐ: ടി. മനോജ് പറഞ്ഞു. രാമസ്വാമി ഒന്നാം പ്രതിയും വളര്‍മതി രണ്ടാം പ്രതിയും വിജയറാണി മൂന്നാം പ്രതിയുമാണ്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഗുണയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.