പട്‌ന: തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുകയര്‍ ബിഹാറിലെ ബക്‌സര്‍ ജയിലില്‍ നിന്ന്. 10 കയറുകളാണ് കഴിഞ്ഞ മാസം ബക്‌സര്‍ ജയിലില്‍ നിന്ന് അയച്ചത്. മെഴുകു പുരട്ടിയ ‘മനില’ തൂക്കുകയര്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ബക്‌സര്‍ ജയില്‍ അന്തേവാസികള്‍. 150 കിലോ വരെയുള്ളവരെ തൂക്കിലേറ്റാന്‍ ശേഷിയുള്ളതാണ് ഈ കയര്‍.
പതിനാറടി നീളമുള്ള കയറിനു വില 2120 രൂപ. പ്രതികളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ചാണു തൂക്കുകയര്‍ ഒരുക്കുന്നത്. പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങാകും തൂക്കുകയറിന്റെ നീളം. ഭാരത്തിനനുസരിച്ചു കയറിന്റെ വണ്ണത്തിലും വ്യത്യാസമുണ്ടാകും. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയപ്പോഴും തൂക്കുകയര്‍ ബക്‌സര്‍ ജയിലില്‍ നിന്നാണ് എത്തിച്ചത്.