തിരുവനന്തപുരം: സ്വന്തമായി ആരാധനാലയം ഉണ്ടാകുന്നതു വരെ യാക്കോബായ സഭയ്ക്കു മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ ആരാധനയ്ക്കുവേണ്ടി തുറന്നു നല്‍കാമെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്. യാക്കോബായ സഭയ്ക്ക് അവരുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടുന്നതിലെ വേദനയും കര്‍ദിനാള്‍ പങ്കുവെച്ചു.
സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ യാക്കോബായ വിശ്വാസികളുടെ ആരാധന മുടങ്ങരുത്. ദേവാലയങ്ങളോ ചാപ്പലുകളോ ഏതു ഭദ്രാസനത്തിലാണോ ആ ഭദ്രാസനാധിപനെ സമീപിച്ചാല്‍ മതിയാകും. മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ ഭദ്രാസനാധിപന്മാരെയും താന്‍ ഇതു സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ കത്തില്‍ അറിയിച്ചു.
കത്തില്‍ ഇങ്ങനെ പറയുന്നു: മലങ്കര യാക്കോബായ സുറിയാനി സഭ ഈയടുത്ത നാളുകളില്‍ അനുഭവിക്കുന്ന വേദന മനസിലാക്കുന്നു. കര്‍തൃസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. ഇപ്പോള്‍ സമൂഹം അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളുടെ ഇടയിലും നിങ്ങളുടെ ആരാധനാലയങ്ങള്‍ സഭയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു വേദനയോടെ കാണുന്നു.
മധ്യസ്ഥശ്രമങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഔദ്യോഗികമായും അനൗദ്യോഗികമായും കേരളത്തിലെ സഭാധ്യക്ഷന്മാര് ആത്മാര്‍ഥമായി പരിശ്രമിച്ചതും അത്തരം ശ്രമങ്ങള്‍ സ്വീകരിക്കാതെ ഇരിക്കുന്നതും അഭിവന്ദ്യ തിരുമേനിക്കും അങ്ങയുടെ സഭയ്ക്കും അറിയാവുന്നതാണല്ലോ.
ഈയടുത്ത ദിവസങ്ങളില്‍ അഭിവന്ദ്യ തിരുമേനിയുടെ മാതൃദേവാലയമായ മുളന്തുരുത്തി ഉള്‍പ്പെടെയുള്ള ഏതാനും ദേവാലയങ്ങള്‍കൂടി സഭയ്ക്കു നഷ്ടപ്പെട്ടതില്‍ അങ്ങേക്കും അങ്ങയുടെ സഭയ്ക്കുമുള്ള വേദനയിലും നഷ്ടത്തിലും മലങ്കര സുറിയാനി കത്തോലിക്കാ സഭ മറ്റു സഭകളോടൊപ്പം പങ്കു ചേരുന്നു. ക്രിസ്തീയ സാക്ഷ്യവും സാഹോദര്യവും പൊതുസമൂഹത്തിന്റെ മുന്‍പിലും ക്രിസ്തീയ യുവതലമുറയുടെ മുന്‍പിലും പരാജയപ്പെടുന്നതില്‍ ഏറ്റം ഖേദിക്കുന്നു.