മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ വീടു നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ആകെ 98 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കറാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിൽ വീട് നഷ്ടമാകുന്ന 64 കുടുംബങ്ങളുണ്ട്. വീടിനും സ്ഥലത്തിനും വെവ്വേറെ നഷ്ടപരിഹാരത്തുകയാണു നൽകുന്നത്. ഇതിനു പുറമേ, ഒരു വീടിന് 4.60 ലക്ഷം രൂപ അധികം നൽകാനും തീരുമാനിച്ചിരുന്നു. ഈ തുക 10 ലക്ഷം ആക്കി ഉയർത്തണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാൽ 3.45 കോടി രൂപ കൂടി അധികമായി ഭൂമിയേറ്റെടുക്കലിനു വേണ്ടിവരും. ഇക്കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്.
വീട് നഷ്ടമാകുന്നവരിൽ പലരും ഇതിനു മുൻപും വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവരായതിനാൽ അധിക നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ടെന്നാണു നിലവിൽ വിലയിരുത്തൽ. അധിക തുക സംബന്ധിച്ച കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ 31ന് അകം ഭൂമിയേറ്റെടുത്തു കൈമാറാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മറ്റെന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽക്കൂടി ഓഗസ്റ്റ് 15ന് അകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.