മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴിയെടുത്ത് സിബിഐ. കസ്റ്റഡി കൊലപാതക കേസ് ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉഗ്യോഗസ്ഥരാണ് മലപ്പുറം തിരൂരിലെത്തി താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തത്. സംഭവിച്ച കാര്യങ്ങളെല്ലാം സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴിനല്‍കിയശേഷം ഹാരിസ് ജിഫ്രി മാധ്യമങ്ങളോട് പറഞ്ഞു.
സിബിഐ കേസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാരിസ് ജിഫ്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചയാണ് നാല് പേരടങ്ങുന്ന സിബിഐ സംഘം തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തിയത്. 11.30 ഓടെ ഹാരിസ് ജിഫ്രി സിബിഐക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. മരിച്ച താമിറിന്റെ വീട്ടുകാരുടെയും മൊഴിയെടുക്കും. അതേസമയം, പ്രതികളായ നാലു പേരടങ്ങുന്ന ഡാന്‍സാഫ് സംഘം മഞ്ചേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.