പുണെ : പുണെയിൽ മലയാളി യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പിന്നാലെ ഭർത്താവ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് 29 കാരിയായ പ്രീതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ഗാർഹിക പീഡനത്തിന് ഇരയായിരുന്നെന്നും മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാർ അറിയിച്ചില്ലെന്നും പ്രീതിയുടെ അച്ഛൻ പറഞ്ഞു. മറ്റൊരാൾ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
പ്രീതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പ്രീതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. പ്രീതിയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്. അഞ്ചുവർഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരാപിക്കുന്നുണ്ട്. അഖിൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്കരിക്കും.