ഇപ്‌സ്വിച് : കോട്ടയം സ്വദേശി ബിനുമോന്‍ മഠത്തില്‍ചിറയില്‍ ചികിത്സയിലിരിക്കെ യു.കെയില്‍ നിര്യാതനായി. ഇപ്‌സ്വിച്ചില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. 2021 ജൂലൈ മാസത്തിലാണ് വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാരണം ഇപ്‌സ്വിച് ഹോസ്പിറ്റലില്‍ ബിനുമോന്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടന്ന പരിശോധനകളില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കീമോതെറാപ്പി ചെയ്തിട്ടും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയെ തുടര്‍ന്ന് പാലിയേറ്റീവ് കെയര്‍ ചികിത്സയില്‍ തുടരവേയാണ് ബിനുമോന്‍ മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള അവസാനത്തെ ശ്രമമെന്ന നിലയില്‍ നാട്ടില്‍ ബന്ധുക്കളുടെ അടുത്തെത്തി തുടര്‍ ചികിത്സയ്ക്ക് എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ പ്രയോജനപ്പെടുത്തുവാന്‍ ബിനുമോന്‍ ആഗ്രഹിച്ചിരുന്നു.
2007ല്‍ യുകെയില്‍ എത്തിയെങ്കിലും അസുഖത്തെ തുടര്‍ന്ന് കാര്യമായ സമ്പാദ്യം നീക്കിവെയ്ക്കുവാന്‍ ബിനുമോന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബിനുവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് ഇപ്‌സ്വിച്ചിലെ മലയാളി അസോസിയേഷനുകളും ദേവാലയത്തിലെ വിമന്‍സ് ഫോറവും ധന സമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ നാട്ടിലെ തുടര്‍ചികിത്സ എന്ന പ്രതീക്ഷയ്ക്കു മുമ്പേ ബിനുമോന്‍ യാത്രയാവുകയായിരുന്നു. ഭാര്യ ജ്യോതി യുകെയില്‍ നഴ്‌സിങ് പഠനം ആരംഭിച്ചിരുന്നുവെങ്കിലും ബിനുമോന്റെ അസുഖത്തെതുടര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇരുവര്‍ക്കും ഒരു മകനാണ് ഉള്ളത്. ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ബിനുമോന്‍ എല്ലാവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഇപ്‌സ്വിച് ക്രിമിറ്റോറിയത്തില്‍ സംസ്‌കാരം നടത്തും.