ദുബൈ : യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ ഹോമിയോ ഡോക്ടറായി തൃശ്ശൂര്‍ സ്വദേശി ഡോക്ടർ സുബൈര്‍ പി.കെ. ദുബൈ അല്‍ ഫിദ മെഡിക്കല്‍ സെന്ററിലെ മാനേജിങ് ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമാണ് അദ്ദേഹം. 2003ല്‍ യുഎഎഇ ഹോമിയോപ്പതി ചികിത്സക്ക് അനുമതി നല്‍കിയപ്പോള്‍ രാജ്യത്ത് ചികിത്സയ്‍ക്കുള്ള ലൈസന്‍സ് സ്വന്തമാക്കിയ ആദ്യത്തെ ഡോക്ടര്‍മാരിലൊരാളാണ് അദ്ദേഹം.
17 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡോക്ടർ സുബൈറിനും കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. യുഎഇയിലും ബഹ്റൈനിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ നാഷണല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ആരോഗ്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ 2019ല്‍ യുഎഇ ആരോഗ്യ മന്ത്രാലയം ആദരിച്ചിരുന്നു.