തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ വൈകിട്ട് 7.30 വരെ കേരളത്തിലേക്ക് എത്തിയത് 4310 പേർ. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെ – ഇഞ്ചിവിള: 191, ആര്യങ്കാവ്: 182, കുമളി: 249, വാളയാർ : 2377, മുത്തങ്ങ: 378, മഞ്ചേശ്വരം: 733.
തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളികളെ ഇന്നലെ അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് തടഞ്ഞു. തമിഴ്നാടിന്റെ ഇ പാസില്ലാത്തതു മൂലമാണിത്. കൈവശം നോർക്കയുടെ പാസ് ഉണ്ടായിരുന്നുവെങ്കിലും തമിഴ്നാടിന്റെ ഇ പാസ് കൂടി വേണമെന്നു തമിഴ്നാട് പോലീസ് നിർബന്ധം പിടിച്ചു. പലരും തമിഴ്നാട് പാസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും സെർവർ തകരാർ മൂലം ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനും ഇത് ഇടയാക്കി. തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർ ചർച്ച നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു വാഹനങ്ങൾ കടത്തിവിട്ടത്.
കൊല്ലം ജില്ലയുടെ അതിർത്തിയായ ആര്യങ്കാവ് ചെക് പോസ്റ്റ് വഴി മലയാളികളുടെ വരവ് തുടങ്ങി. പാലക്കാട്ട് വാളയാർ അതിർത്തി വഴി 29 പേർ തിരിച്ച് ഇതര സംസ്ഥാനങ്ങളിലേക്കും മടങ്ങി. തിരക്ക് ഏറിയതിനാൽ 24 മണിക്കൂറും പരിശോധന നടത്തി വാഹനങ്ങൾ കടത്തി വിടാൻ ജില്ലാ കലക്ടർ ഡി. ബാലമുരളി നിർദേശം നൽകി. രാത്രി യാത്രയ്ക്കു നിയന്ത്രണമുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നവർക്ക് ഇളവ് അനുവദിച്ചു.