മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലയാളി മരിച്ചു. സാക്കിനാകയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകന്‍(60) ആണ് മരിച്ചത്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇയാള്‍ പനി ബാധിച്ച് വീട്ടില്‍ വെച്ച് മരിച്ചത്.
ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്. മരണ ശേഷം ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക.