ഫ്‌ളോറിഡ : സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവാണ് പിടിയിലായിരിക്കുന്നത്. കുത്തിയ ശേഷം ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കി.
സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് ഫിലിപ്പ് മാത്യുവിനെ ആശുപത്രിയിലാക്കി. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മെറീനെ ആശുപത്രിയില്‍ എത്തിയ ഫിലിപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. 17 തവണ മെറിനെ കുത്തിയ ഫിലിപ്പ് ദേഹത്തൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെറീനെ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.