തിരുവനന്തപുരം :മലയിന്‍കീഴ് സ്വദേശി അനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വലിയതുറ സ്വദേശിയും അനില്‍ കുമാറിന്‍റെ സുഹൃത്തുമായ വിവിന്‍ വിജയനാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട പേയാട് അഞ്ചു ഭവനില്‍ അനില്‍ കുമാറിനെ പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെ രാത്രിയോടെ മരണപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തിരുവന്തപുരം റുറല്‍ ഷാഡോ പോലീസിലെ നെടുമങ്ങാട് ടീമും മലയിന്‍കീഴ് പോലീസും നടത്തിയ അന്വേഷണത്തില്‍ ആണ് വലിയതുറ സ്വദേശി വിവിന്‍ വിജയന്‍ പിടിയിലായത്.
തൊഴില്‍ സ്ഥലത്തെ തര്‍ക്കവും തട്ടുകട നടത്തുന്ന പ്രതിയുടെ അമ്മയെ കളിയാക്കുന്നതിലുള്ള വിരോധവും കാരണം ചൊവ്വാഴ്ച രാത്രി 7 മണിയോടെ അനില്‍ കുമാറിനെ പ്രതി തന്ത്രപരമായി വീട്ടില്‍ നിന്നും വിളിച്ചിറക്കി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ചു മാരകമായി മര്‍ദ്ദിച്ച് മുറിവേല്‍പ്പിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലായ അനിലിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി എന്നാണ് പോലീസ് വിശദീകരണം.
പിറ്റേ ദിവസം അനില്‍ കുമാര്‍ മരണപ്പെട്ടതറിഞ്ഞ് ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ പ്രതി പല സ്ഥലങ്ങളിലും മാറി മാറി സഞ്ചരിച്ചു. തമിഴ് നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായ് പണം സംഘടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയുടെ അനുജനെ വിളിക്കുന്നുണ്ടെന്നു മനസ്സിലാക്കി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ആണ് പ്രതി അറസ്റ്റിലായത്.