മാലെ : രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ബോട്ടുകളിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അനുവാദമില്ലാതെ പ്രവേശിച്ചെന്ന ആരോപണവുമായി മാലദ്വീപ്. വിഷയത്തിൽ മാലദ്വീപ് സർക്കാർ ഇന്ത്യയോട് ഔദ്യോഗിക വിശദീകരണം തേടി. ആരോപണത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.ജനുവരി 31നായിരുന്നു സംഭവമെന്നും ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തങ്ങളുടെ രാജ്യത്തിന്റെ ബോട്ടുകളിൽ അതിക്രമിച്ചു കടന്ന് പരിശോധന നടത്തിയെന്നുമാണ് മാലദ്വീപിന്റെ വാദം.
അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണ് ഇതെന്നും മാലദ്വീപ് ആരോപിച്ചു.ചൈനീസ് അനുഭാവിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ നയതന്ത്ര ഭിന്നത തുടരുന്നതിനിടെയാണ് പുതിയ സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 70 ഇന്ത്യൻ സൈനികർ മാർച്ച് 15ന് മുമ്പ് മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് മുയിസു നേരത്തെ ഉത്തരവിട്ടിരുന്നു.