തിരുവനന്തപുരം : സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയെ കുറിച്ചു കൂടുതല്‍ അറിയാനും കെഡറ്റുകളുമായി സംവദിക്കാനും മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമീനത്ത് അബ്‌ദുള്ള ദീദിയുടെ നേതൃത്വത്തിലുള്ള സംഘം വിതുര ഗവ: വിഎച്ച്‌എസ്‌എസില്‍ എത്തി. ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഇബ്രാഹീം സഈദ് മുഹമ്മദ്, ഫസ്റ്റ് സെക്രട്ടറി അമീനത്ത് മുഹമ്മദ് എന്നിവരാണു സ്കൂള്‍ സന്ദര്‍ശിച്ചത്. മാലിദ്വീപിലെ സ്കൂളുകളില്‍ എസ്പിസി പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കുട്ടിപ്പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പഠിക്കാനാണു സംഘം എത്തിയത്.
മാലിദ്വീപില്‍ എസ്പിസിയുടെ ‘വിതുര മോഡല്‍’ പിന്തുടരുന്നതു എന്തുകൊണ്ടും കുട്ടികള്‍ക്കു ഗുണം നല്‍കുമെന്നു സംഘം വിലയിരുത്തി. എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കില്‍ ഹബിലൂടെ ലഭിച്ച പരിശീലനത്തിലൂടെ കുട്ടികള്‍ തയാറാക്കിയ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചു. വിതുര ഇലവിന്‍മൂട് ആദിവാസി ഊരിലെ കുട്ടിപ്പള്ളിക്കൂടവും മാലിദ്വീപ് സംഘം സന്ദര്‍ശിച്ചു. എസ്പിസി വിതുര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ‘ശൈശവ വിവാഹത്തോടു സഹിഷ്ണുതയില്ല’ എന്ന രാജ്യാന്തര ക്യാംപയിനിന്റെ ബ്രോഷര്‍ ചടങ്ങില്‍ മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ പ്രകാശനം ചെയ്തു.