ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയമുറപ്പിച്ചു. ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.
പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് എട്ടായിരത്തോളം വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിന് മുകളില്‍ വോട്ടുകള്‍ മാത്രമേ ശശി തരൂരിന് ലഭിച്ചുള്ളൂ. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാര്‍ഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്‍റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിര്‍ത്തിയിരുന്നു.
ഇതിനിടെ വോട്ടല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.