ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരി-വയനാട് അതിര്‍ത്തിയിലെ നെലാകോട്ടയില്‍ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ച മലയാളിയെ പോലീസ് വെടിവച്ച് പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) പിടികൂടിയത്. കൂടെയുണ്ടായിരുന്ന നിലമ്പൂര്‍ പുള്ളിപ്പാടം മമ്പാട് ചെമ്പകശേരി ഹൗസില്‍ ജിമ്മി ജോസഫിന് (40) വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു.
കുന്നലാടി ഭാഗത്തെ സര്‍ക്കാര്‍ മദ്യഷാപ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. കവര്‍ച്ചക്കാര്‍ കത്തി ഉപയോഗിച്ച് രണ്ടു പോലീസുകാരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഇതോടെയാണ് പോലീസുകാര്‍ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയത്. മണിയുടെ വലതു കാലിന്റെ തുട ഭാഗത്താണ് വെടിയേറ്റത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ കോണ്‍സ്റ്റബിള്‍ഗാരായ ശിഹാബുദ്ധീന്‍ (47), അന്‍പഴകന്‍ (34) എന്നിവര്‍ക്ക് കൈയിലും ദേഹത്തും പരിക്കേറ്റു. ഇവരെ ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.