കരുനാഗപ്പള്ളി: മാളിയേക്കല്‍ ലെവല്‍ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. കെട്ടിടങ്ങള്‍ സ്വന്തമായി പൊളിച്ചുനീക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ അനുമതി ലഭിച്ച കെട്ടിടങ്ങളാണ് ഇപ്പോള്‍ പൊളിക്കാന്‍ തുടങ്ങിയത്. ബാക്കിയുള്ള കെട്ടിടങ്ങള്‍ ടെന്‍ഡര്‍ ഏറ്റെടുത്ത കമ്പിനി തന്നെ പൊളിക്കും.
റോഡിന് ഇരുവശത്തുമായി 45 ഉടമകളില്‍ നിന്നായി 46.2 ഏക്കര്‍ വസ്തുവാണ് മേല്‍പ്പാലത്തിനും അനുബന്ധ റോഡിനുമായി ഏറ്റെടുത്തത്. ഇതിലുള്ള വീടുകളും കടകളും ഉള്‍പ്പെടെയാണ് പൊളിക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള കമ്പിനിക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.