ദില്ലി: അതിഖ് അഹമ്മദിന്റെ കൊലപാതകത്തിലെ പൊലീസ് വീഴ്ചയെ വിമര്‍ശിച്ച് മമത ബാനര്‍ജി. യുപിയില്‍ അരാജകത്വമെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും മമത പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍വെച്ചാണ് കുറ്റവാളികള്‍ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്നും മമത പറഞ്ഞു.
അതേസമയം, അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായി. അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊല്ലപ്പെടുത്തിയത് പ്രശസ്തരാവാന്‍ വേണ്ടിയെന്ന് പ്രതികള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെന്ന നിലയില്‍ പേരെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.മകന്‍ ലഹരിക്ക് അടിമയാണെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു.