കോല്‍ക്കത്ത: പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് (ഞായറാഴ്ച) മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നു. വീല്‍ചെയറിലിരുന്ന് മമത പ്രചാരണം നയിക്കും.
നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം കോല്‍ക്കത്തയില്‍ വന്‍ റോഡ് ഷോ നടത്തിയാണ് തിരിച്ചെത്തുന്നത്. ഗാന്ധി മൂര്‍ത്തിയില്‍നിന്നും ഹസ്രവരെയാണ് റോഡ് ഷോ. റോഡ് ഷോയ്ക്കൊടുവില്‍ ഹസ്രയില്‍ മമത ജനാവലിയെ സംബോധന ചെയ്ത് സംസാരിക്കും. മുഖ്യമന്ത്രി തിങ്കളാഴ്ച മുതല്‍ പ്രചാരണം പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ വിശ്രമം അവസാനിപ്പിച്ച് മമത തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച പുരുലിയയിലും പിറ്റേന്ന് ബാങ്കുറയിലും ബുധനാഴ്ച ഝാര്‍ഗ്രാമിലും മമത പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
കോല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മമത വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.