മലയാള സിനിമാ രംഗത്ത് പല മേഖലകളിൽ കഴിവ് തെളിയിച്ച ശ്രീനിവാസൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ എടുത്ത് പറയത്തക്ക ഒട്ടനവധി സിനിമകൾ ശ്രീനിവാസൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെനാളായി മാറി നിന്ന നടൻ അടുത്തിടെ പുറത്തിറങ്ങിയ കുറുക്കൻ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശ്രീനിവാസന്റെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് ഉദയനാണ് താരം. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അവിസ്മരണീയ പ്രകടനമാണ് ശ്രീനിവാസൻ കാഴ്ച വെച്ചത്. സിനിമയുടെ തിരക്കഥാകൃത്തും ശ്രീനിവാസൻ തന്നെയായിരുന്നു. സൂപ്പർസ്റ്റാറുകൾ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച സിനിമയാണ് ഉദയനാണ് താരം. സരോജ് കുമാർ എന്ന കഥാപാത്രത്തിലൂടെ സൂപ്പർസ്റ്റാറുകളുടെ താരജാഡകളെ ശ്രീനിവാസൻ പരിഹസിച്ചു.
സിനിമയുടെ രണ്ടാം ഭാഗമായ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറിൽ വിമർശനം കുറേക്കൂടി കടുത്തു. സൂപ്പർസ്റ്റാറുകളെ പ്രത്യക്ഷത്തിൽ പരിഹസിച്ച സിനിമയായിരുന്നു പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ. ഉദയനാണ് താരത്തിൽ തിരക്കഥയിൽ യഥാർത്ഥ സംഭവങ്ങളും പ്രചോദനമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീനിവാസൻ ഇപ്പോൾ. ഇന്ത്യൻ എക്സ് പ്രസ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മമ്മൂട്ടിക്കൊപ്പമുള്ള ഒരു അനുഭവവും ശ്രീനിവാസൻ പങ്കുവെച്ചു. റോഷൻ ആൻഡ്രൂസ് ഒരു സംഗതി പറഞ്ഞപ്പോൾ എന്റെ മനസിൽക്കൂടി പോയ ചില കാര്യങ്ങളാണ്. സിനിമലോകത്ത് കണ്ട ഒരുപാട് കാര്യങ്ങൾ ഉദയനാണ് താരത്തിൽ ഉൾപ്പെടുത്തിയെന്ന് ശ്രീനിവാസൻ പറയുന്നു. ‘ഉദാഹരണത്തിന് ഞാൻ ഒരു സിനിമയുടെ ഡേറ്റ് സംസാരിക്കാൻ വേണ്ടി കോഴിക്കോട് ഹോട്ടലിൽ മമ്മൂട്ടിയെ കാണാൻ പോയി. ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ സൗദിയിൽ നിന്ന് വന്ന ഫ്രണ്ട് ഒരു കൂളിംഗ് ഗ്ലാസ് തന്നു.
ഞാൻ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാറില്ല. ഞാനത് കൈയിൽ വെച്ചു’ ‘മമ്മൂട്ടിയുടെ വാതിൽക്കൽ ബെൽ അടിക്കുമ്പോൾ എനിക്കൊരു തമാശ തോന്നി. കൂളിംഗ് ഗ്ലാസ് എടുത്ത് വെച്ചു. രാത്രിയാണ്. മമ്മൂട്ടി കൂളിംഗ് ഗ്ലാസിന്റെ ആളാണ്. എന്നെ കണ്ടപ്പോൾ ഒപ്പം വന്ന മറ്റ് രണ്ട് പേരെയും പുള്ളി കണ്ടതേയില്ല. എന്നെ തുറിച്ചൊരു നോട്ടം. വെല്ലുവിളിയാണോ എന്ന മട്ടിൽ’ ‘ഇങ്ങ് വന്നേ എന്ന് പറഞ്ഞു. അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി. ഒരു ബ്രീഫ് കേസ് എടുത്തു. അത് തുറന്ന് ഒരു ഗ്ലാസ് എടുത്ത് വെച്ചു. എങ്ങനെയുണ്ടെന്ന് ചോദിച്ചു. പതിനേഴ് കൂളിംഗ് ഗ്ലാസ് എന്നെ കാണിച്ചു. എന്നോട് കളിക്കേണ്ട എന്ന രീതിയിൽ,’ ശ്രീനിവാസൻ ഓർത്തു.
ശ്രീനിവാസന് പുറമെ മോഹൻലാൽ, മീന, മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ഉദയനാണ് താരത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സരോജ് കുമാർ എന്ന വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചത് മോഹൻലാലിനെയായിരുന്നു. എന്നാൽ മോഹൻലാൽ മടിച്ചപ്പോൾ ഈ വേഷം ശ്രീനിവാസൻ ചെയ്തു. സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ ശ്രീനിവാസനെതിരെ മോഹൻലാലിന്റെ ആരാധകർ രംഗത്ത് വന്ന സാഹചര്യം ഉണ്ടായി. മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയതിനെ സിനിമയിൽ പരിഹസിച്ചെന്നായിരുന്നു വിമർശനം. അടുത്തിടെ മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയ പരാമർശവും വിവാദമായി. മോഹൻലാൽ കാപട്യക്കാരൻ ആണെന്നായിരുന്നു ശ്രീനിവാസന്റെ വിമർശനം. പരാമർശം ചർച്ചയായെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ തയ്യാറായില്ല.