പന്തളം: രണ്ടാം ഭാര്യയെ കൊന്ന് വഴിയരികില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പറയന്റയ്യത്ത് കുറിയമുളയ്ക്കല്‍ മധുസൂദനന്‍ ഉണ്ണിത്താനാണ് (52) പിടിയിലായത്. ഇയാളുടെ ഭാര്യ അട്ടത്തോട് പാറയ്ക്കല്‍ വീട്ടില്‍ സുശീലയാണ് (58) കൊല്ലപ്പെട്ടത്.
കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ആറ് മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്ന് ജില്ല പോലീസ് മേധാവി കെ.ജി. സൈമണ്‍ പന്തളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മധുസൂദനന്റെ രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ആദ്യ ഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് മധുസൂദനന്‍ ഇവരെ വിവാഹം ചെയ്തത്. അട്ടത്തോട് ദേവസ്വം ബോര്‍ഡ് വക എസ്റ്റേറ്റിലെ ജീവനക്കാരിയായിരുന്നു സുശീല. അവിടെവെച്ച് പരിചയപ്പെട്ട ഇരുവരും അഞ്ചുവര്‍ഷംമുമ്പാണ് പന്നിവിഴ മഹാദേവര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്.
ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ സുശീലക്ക് ലഭിച്ച മൂന്നുലക്ഷം രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയായ മധുസൂദനന്‍ കുരമ്പാലയില്‍ സ്ഥലം വാങ്ങിയത്. ബാക്കി തുകയെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി ഇടയാടി സ്കൂളിന് സമീപം ഇടവഴിയില്‍ തള്ളുകയായിരുന്നു.
നാട്ടുകാരില്‍നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.