പൊന്‍കുന്നം : കുന്നുംഭാഗത്ത് രണ്ടുദിവസങ്ങളിലായി മാലമോഷണ ശ്രമവും മാലമോഷണവും നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി ഏലപ്പാറ കെ.ചപ്പാത്തിനു സമീപം ആലടികരയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശ്ശാല മുരിയങ്കര കൂവരകുവിള സജു (37) നെ ആണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല മുരിയങ്കര കുവരക്കുവിളയില്‍ ബിന്ദുവാണ് (40) ഇടുക്കി അയ്യപ്പന്‍കോവിലിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലൂടെ നടന്നുപോയ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് രാവിലെ 9.30ന് ഇതേ സ്ഥലത്തുവച്ച് വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് മൂന്നര പവനോളം വരുന്ന രണ്ട് സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് സജുവെന്ന് പോലീസ് പറഞ്ഞു. മേസ്തിരിപ്പണിക്കാരനായും പെയിന്റിംഗ് പണിക്കാരനായും വണ്ടിക്കച്ചവടക്കാരനായും മറ്റും ജോലിചെയ്യുന്നു എന്നാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. സ്‌കൂട്ടറില്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി പല സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഒറ്റയ്ക്ക് നടന്നുവരുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി.
മോഷ്ടിച്ച സ്വര്‍ണം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും മറ്റും പണയം വച്ച് ലഭിക്കുന്ന പണം ആര്‍ഭാടജീവിതം നയിക്കാനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.സജു പിടിയിലായതോടെ കൂടുതല്‍ അന്വേഷണത്തിനായി സജു താമസിക്കുന്ന അയ്യപ്പന്‍കോവിലുള്ള വാടകവീട്ടില്‍ പോലീസ് എത്തി. ഇതോടെ മനോവിഷമത്തിലായ ബിന്ദു 12കാരന്‍ മകനെ അയല്‍വീട്ടില്‍ ഏല്പിച്ചശേഷം മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
മകനെ എടുക്കാന്‍ ബിന്ദു എത്താതിരുന്നതോടെ അയല്‍വീട്ടുകാര്‍ എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജനലില്‍ക്കൂടി നോക്കിയപ്പോഴാണ് ബിന്ദുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉപ്പുതറ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂന്നു മാസം മുന്‍പാണ് ഏലപ്പാറയിലെ വാടകവീട്ടില്‍ നിന്ന് സജു ഭാര്യയും മകനുമായി ഇവിടെയെത്തി താമസമാക്കിയത്.